വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും.
ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ മറ്റു അധ്യാപകർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി, പണമിടപാടുകൾ നടത്തിയിരുന്ന മറ്റു ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. എംഡിഎംഎ ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയ ഉണ്ടെന്നാണ് സൂചന.
ഇതിന്റെ വ്യാപ്‌തി കണക്കിലെടുത്ത് തുടരന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വരാനും സാധ്യതയുണ്ട്. ജില്ലയ്‌ക്കകത്തും പുറത്തും സംഘത്തിന് കണ്ണികൾ ഉള്ളതിനാൽ വിശാലമായ അന്വേഷണ സംഘം തന്നെ വേണമെന്ന വിലയിരുത്തൽ ഉണ്ട്. എംഡിഎംഎ ഉപയോഗിക്കുന്നവരെത്തന്നെ വിൽപ്പനക്കാരാക്കി മാറ്റുന്ന വലിയൊരു മാഫിയ ഇതിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ തട്ടിപ്പ് നടത്തിയ പണം കൈമാറാൻ കമ്മീഷൻ വ്യവസ്‌ഥയിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുന്ന രീതിയുണ്ട്. ഇതേരീതി എംഡിഎംഎ ഇടപാടുകളിലും പരീക്ഷിക്കുന്നതായി ഈ സംഭവം തെളിയിക്കുന്നു. അറസ്‌റ്റിലായ അധ്യാപികമാരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്.
കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എംഡിഎംഎ മാഫിയയ്‌ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണം വാങ്ങാൻ നിയോഗിച്ചത്. ക്യൂആർ കോഡ് വഴിയായിരുന്നു മയക്കുമരുന്ന് വേണ്ടവർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്.
വടകര പോലീസ് അറസ്‌റ്റ് ചെയ്‌ത ഇരുവരും നിലവിൽ റിമാൻഡിലാണ്. അടുത്ത ദിവസം തന്നെ പോലീസ് ഇവരെ കസ്‌റ്റഡിയിൽ വാങ്ങും. താൽക്കാലിക അധ്യാപികയായ കാവ്യയെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തുവരും. പേരാമ്പ്ര ബ്ളോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്‌റ്റ് കായിക അധ്യാപികയായ കീർത്തനയെ ഇന്നലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
Most Read| നിയമം മാറി; പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല


































