തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസായ സുകുമാരക്കുറുപ്പ് തിരോധാനത്തിൽ പുനരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നീക്കം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. 42 വർഷമായിട്ടും കേസിലെ ദുരൂഹത ഇന്നും നിലനിൽക്കുകയാണ്.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതും ചർച്ചകൾ നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, പുനരന്വേഷണത്തിന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും ഫയലുകൾ പരിശോധിക്കുന്നത് ഒരു സാധാരണ നടപടി മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ ഔദ്യോഗിക വിശദീകരണം.
ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ഇപ്പോഴും സ്ഥിരീകരിക്കാത്ത കുറുപ്പിന്റെ ജീവിതം ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതാണ്. 1984 ജനുവരി 21നാണ് നാടിനെ നടുക്കിയ ചാക്കോ വധം നടക്കുന്നത്. അബുദാബിയിൽ താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് ആവിഷ്കരിച്ച കൊലപാതകമായിരുന്നു ഇത്.
തന്റെ ശരീരത്തോട് സാമ്യമുള്ള ഒരു മൃതദേഹം കാറിലിട്ട് കത്തിച്ച് താൻ മരിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. ഇതിനായി കരുവാറ്റയിൽ വെച്ച് ലിഫ്റ്റ് ചോദിച്ച ചാക്കോയെ കാറിൽ കയറ്റുകയും ഈതർ കലർത്തിയ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.
ശേഷം ചാക്കോയുടെ മൃതദേഹം കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ച് നെൽപ്പാടത്തിന് അടുത്തുവെച്ച് കാറിനുള്ളിലിട്ട് കത്തിച്ചു. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഒരു ഗ്ളാസ് ആണ് പോലീസിനെ കൊലപാതകത്തിന്റെ സൂചനകളിലേക്ക് നയിച്ചത്. കുറുപ്പിന്റെ സഹായികളായ ഭാസ്കരപിള്ള, പൊന്നപ്പൻ, ഷാഹു എന്നിവരെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയായ കുറുപ്പ് അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു.
മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലീസിന്റെ തലവേദനയായി തുടരുന്ന കേസാണിത്. രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്ക് കടന്നെന്നും തുടങ്ങി നിരവധി കഥകൾ കുറുപ്പിനെപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസിന് ഇന്നും കുറുപ്പ് ഒരു പിടികിട്ടാപുള്ളിയാണ്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































