തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിൽ വാടകയ്‌ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഹസീനയും സുരേഷും നാലുമക്കളും ഉൾപ്പടെ ഏഴുപേരായിരുന്നു വാടക വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചുകാലമായി ഹസീനയും സുരേഷും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സുരേഷിന് ഹസീനയെ സംശയമായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.
ചൊവ്വാഴ്‌ച തർക്കം കടുത്തതോടെ വിഷയം പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇടപെട്ട് അനുനയിപ്പിച്ചു തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇന്ന് പുലർച്ചെയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ കത്തി ഉപയോഗിച്ച് സുരേഷ് ഹസീനയുടെ കഴുത്തറുക്കുകയായിരുന്നു. ശേഷം ഇയാൾ കടന്നു കളഞ്ഞു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല സ്‌റ്റേഷനിൽ വിളിച്ചറിയിച്ചത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































