വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഹോർമുസിന് വേണ്ടിയാണ് പിൻമാറ്റം എന്നാണ് സൂചന. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിൽ എത്തണമെന്ന നിർബന്ധം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉപേക്ഷിക്കാൻ തയ്യാറാകുമെന്ന് യുഎസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട് ചെയ്‌തു.
സമഗ്രമായ ഒരു ആണവക്കരാറിൽ എത്തുന്നതിന് മുൻപ് തന്നെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് തന്റെ മുതിർന്ന ഉപദേശകരെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഹോർമുസ് തുറന്നുകിട്ടുന്നതിനുള്ള നീക്കങ്ങളിലാണ് ട്രംപ് ഏർപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പും ആഗോള എണ്ണ വിപണിയിലെ അസ്‌ഥിരതയുമാണ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിൻവാങ്ങുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനിടെ, യുഎസിന്റെ ആയുധശേഖരങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുള്ളതാണ് ഉന്നത സൈനിക കമാൻഡർ യുദ്ധത്തിൽ നിന്ന് പിൻവാങ്ങാനുള്ള ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, ഹോർമുസ് തുറന്നുകൊടുക്കുന്നതിനായി കർശനമായ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇറാനും അവരെ പിന്തുണയ്‌ക്കുന്ന സായുധസംഘങ്ങൾക്കും എതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണം, മേഖലയിലെ സൈനിക സാന്നിധ്യം പിൻവലിക്കണം, യുദ്ധത്തിലുണ്ടായ നാശനഷ്‌ടങ്ങൾക്ക് പൂർണ നഷ്‌ടപരിഹാരം നൽകണം, വിദേശരാജ്യങ്ങളിലെ മരവിപ്പിച്ച ഇറാൻ ആസ്‌തികൾ വിട്ടുനൽകണം എന്നീ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.
ഇരു രാജ്യങ്ങളും ഒപ്പിട്ട് ജൂൺ 17ന് നിലവിൽ വന്ന ഇസ്‌ലാമാബാദ് ധാരണാപത്രം ലംഘിച്ചതിന് യുഎസ് നഷ്‌ടപരിഹാരം നൽകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ആവശ്യപ്പെട്ടു. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്രപാതയായ ഹോർമുസ് കടലിടുക്ക്, യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ ഏറ്റവും വലിയ ആയുധമായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































