വാഷിങ്ടൻ: ചർച്ചകൾക്കായി ഇറാൻ വീണ്ടും സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കഴിഞ്ഞദിവസം രാത്രി ഇറാനിലെ നഗരങ്ങളുടെ നേരെ യുഎസ് കടുത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഒരു കരാറിനായി അപേക്ഷിച്ചുവെന്നാണ് ട്രംപ് പറയുന്നത്.
പുതിയ സൈനിക നടപടികൾക്ക് പിന്നാലെ ഇറാനിൽ നിന്ന് വിളിച്ചിരുന്നു. ഒരു കരാറിനായി അവർ അപേക്ഷിക്കുകയാണ്. എന്നാൽ, കരാർ പാലിക്കാൻ അവർ തയ്യാറാണോ എന്ന് ഉറപ്പില്ലെന്നും അതാണ് പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുർക്കിയിലെ അങ്കാറയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനേക്കാൾ ശക്‌തമായാണ് അമേരിക്ക തിരിച്ചടിച്ചതെന്ന് വ്യക്‌തമാക്കിയ ട്രംപ്, യുഎസ് സൈനിക നടപടിയെ ന്യായീകരിക്കുകയും ചെയ്‌തു. ”ഞങ്ങൾ അവർക്ക് നേരെ അതിശക്‌തമായ ആക്രമണമാണ് നടത്തിയത്. അവർ ആക്രമിക്കുന്ന ഓരോതവണയും നമ്മൾ 20 മടങ്ങ് ശക്‌തമായി തിരിച്ചടിക്കും”- ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്ന് നീതീകരിക്കാനാകാത്ത കൈയേറ്റമുണ്ടായെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാന് നേർക്ക് ഇന്നലെ ആക്രമണം നടത്തിയത്. ഇറാന്റെ തെക്കൻ തീരത്തെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഹോർമുസ് കടലിടുക്കിനോട് ചേർന്ന ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിനും സമീപ പ്രദേശങ്ങളിലുമാണ് ആക്രമണം നടന്നത്.
ബന്ദർ അബ്ബാസിൽ നിരവധി സ്‌ഫോടന ശബ്‌ദം കേട്ടതായാണ് റിപ്പോർട്ടുകൾ. സിരിക്, ഖിഷം പ്രദേശങ്ങളിലും സ്‌ഫോടനം നടന്നതായി സൂചനയുണ്ട്. യുഎസ് ആക്രമണത്തിൽ ഇന്നലെ എട്ട് ഇറാൻ സൈനികരും മൂന്ന് മൽസ്യത്തൊഴിലാളികളും കൊല്ലപ്പെട്ടതായാണ് വിവരം. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധഭീതി സൃഷ്‌ടിച്ചു വെടിനിർത്തൽ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതായി ആരോപിച്ച ട്രംപ്, ഇറാന്റേത് വളരെ മോശം പെരുമാറ്റമാണെന്നും കുറ്റപ്പെടുത്തി.
അതിനിടെ ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറിനെയാണ് തിരിച്ചയച്ചത്. ഇറാൻ നിർദ്ദേശിച്ച ഷിപ്പിങ് പാത തന്നെ ഉപയോഗിക്കാൻ കപ്പലിന് നിർദ്ദേശം നൽകുകയായിരുന്നു എന്നാണ് വാദം. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ വഴി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































