കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാകുന്നതിനുമാണ് നിയന്ത്രണം.
കാലവർഷത്തിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ സികെ. കാസിം എംഎൽഎ, കോഴിക്കോട്, വയനാട് ജില്ലാ കലക്‌ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
രാവിലെ ആറുമണിമുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് ജില്ലാ കലക്‌ടർ എംഎസ്. മാധവിക്കുട്ടി അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും കലക്‌ടർ അറിയിച്ചു.
ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്‌നർ വാഹനങ്ങൾ, മറ്റു വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കാണ് നിയന്ത്രണം. യാത്രാദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































