തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽ കുമാർ, നിഷാദ്, ദിനകർ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
50 ദിവസത്തിലേറെയായി പ്രതികൾ ജയിലിലാണെന്നും വധശ്രമം ചുമത്തിയെങ്കിലും തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണം തുടരുകയാണെന്നും പ്രതികൾ സഹകരിച്ചാൽ വേഗത്തിൽ പൂർത്തിയാകുമെന്നും ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ എ സന്തോഷ് കുമാർ വാദിച്ചു.
ജാമ്യം നൽകുന്നതിനെ ഇഡിയുടെ അഭിഭാഷകനും എതിർത്തു. ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഗുരുതരമായ വിഷയമായി പരിഗണിക്കണമെന്ന് ഇഡിയുടെ അഭിഭാഷകൻ അറിയിച്ചു. ഇതിന് മുൻപ് ഇഡി ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ടത് ബംഗാളിലാണെന്നും അവിടെ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു.
കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സിഎംആർഎൽ- എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
റെയ്ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ കാറാണ് ആക്രമിച്ചത്. മേയ് 27നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. എട്ടുമണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്.
Most Read| വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരണം; വ്ളോഗർക്കെതിരെ കേസ്



































