തണ്ണിത്തോട്: മൂന്ന് പഞ്ചായത്തുകളിൽ നിന്നായി ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തണ്ണിത്തോട് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തട്ടിപ്പിൽ റാണി ലക്ഷ്‌മിക്കെതിരെ പോലീസ് അന്വേഷണം തുടരുകയാണ്.
സീതത്തോട് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർ, ജില്ലാ ജോയിന്റ് ഡയറക്‌ടർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് തദ്ദേശ ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ ഡോ. ദിവ്യ എസ് അയ്യർ സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവന നിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചിമുറി നിർമാണം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്‌തൃ ലിസ്‌റ്റിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരുകൾ തിരുകി കയറ്റിയാണ് അരക്കോടിയോളം രൂപ വകമാറ്റി എടുത്തത്.
തണ്ണിത്തോട് പഞ്ചായത്തിൽ ലഭിച്ച പരാതിയുടെ ഭാഗമായി, റാണി ലക്ഷ്‌മി സീതത്തോട് പഞ്ചായത്തിലും ജോലി ചെയ്‌ത കാലയളവിലെ ഫയലുകൾ പരിശോധിച്ചപ്പോഴാണ് വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുന്നത്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. തണ്ണിത്തോട്ടിൽ രണ്ടുലക്ഷം രൂപയും തട്ടിപ്പ് നടത്തിയതായാണ് കേസ്.
അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. 12 ലക്ഷത്തിലേറെ രൂപ ഇവിടെ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്‌തി ഒരുകോടിയിലേറെ എത്തിച്ചേർന്നതായും പോലീസ് വ്യക്‌തമാക്കുന്നു. പരിശോധന നടക്കുകയാണ്.
നാളുകളായുള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്‌ക്ക് നടത്താനാകില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. തട്ടിപ്പിൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത റാണിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































