ന്യൂഡെൽഹി: ജന്തർ മന്തറിൽ സിജെപി പ്രതിഷേധം കരുത്താർജിക്കുന്നു. ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി സിജെപി രംഗത്തെത്തി. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്ക് മന്ത്രി ജെപി നദ്ദയുടെ വസതിയിലേക്ക് പോകാനില്ലെന്ന് സിജെപി വ്യക്‌തമാക്കി.
കഴിഞ്ഞതവണ ചർച്ചയ്‌ക്ക് പോയപ്പോൾ പോലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ജന്തർ മന്തറിൽ വെച്ച് ചർച്ച നടത്താൻ കേന്ദ്രത്തിന് താൽപര്യമില്ലെങ്കിൽ കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബ് പോലെയുള്ള നിഷ്‌പക്ഷ വേദിയിൽ ചർച്ചയാകാമെന്നും സിജെപി വക്‌താവ് സൗരവ് ദാസ് പറഞ്ഞു.
തിങ്കളാഴ്‌ച സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവർ കേന്ദ്രമന്ത്രി ജെപി നദ്ദയെ കാണുകയും പ്രതിഷേധക്കാരുടെ ആവശ്യം അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്‌തിരുന്നു. സോനം വാങ്‌ചുക്കിനെ അടിയന്തരമായി വിട്ടയക്കുക, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, ജീവനൊടുക്കിയ നീറ്റ് പരീക്ഷാർഥികളുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകുക എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്.
ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് സിജെപി നൽകിയിട്ടുണ്ട്. ഡെൽഹിയിലേക്ക് ദശലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. വായടപ്പിക്കാമെന്ന് കരുതേണ്ടെന്നും പിന്നോട്ടില്ലെന്നും അഷുതോഷ് റാങ്ക പറഞ്ഞു.
അതിനിടെ, പ്രതിഷേധം കനത്ത സാഹചര്യത്തിൽ രാജ്യതലസ്‌ഥാനത്ത് സുരക്ഷ ശക്‌തമാക്കി. 20 കമ്പനി സിആർപിഎഫിനെ കൂടി വിന്യസിക്കാൻ കേന്ദ്രം ഉത്തരവിട്ടു. ഓരോ കമ്പനിയിലും 100 ഉദ്യോഗസ്‌ഥരാണ് ഉള്ളത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡെൽഹിയിലെ മെട്രോ സ്‌റ്റേഷൻ അടക്കം അടച്ചു. 16 മെട്രോ സ്‌റ്റേഷനുകൾ അടക്കുന്നതായി ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം





































