കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ അറസ്റ്റിൽ പോലീസിന് വീഴ്ച സംഭവിച്ചതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് ആരാഞ്ഞ കോടതി, കേസിൽ സർക്കാരിനോട് വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം. കേസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഇല്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? കാരണം കാണിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും വീഴ്ച വരുത്തിയെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് കേസിൽ സംഭവിച്ചത്.
കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? 15,000 രൂപ ലോൺ എടുത്തയാൾ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. 15 കോടി വായ്പയെടുത്തവർ ആത്മഹത്യ ചെയ്യുന്നില്ല. പോലീസിന്റെ കഥയിൽ നിന്ന് തന്നെ മനസിലായി അവർ ആരുടെ കൂടെയാണെന്ന്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പോലീസ് എന്നും കോടതി ചോദിച്ചു.
റാമിനെ ഹാജരാക്കിയപ്പോൾ എന്തൊക്കെ രേഖകൾ പോലീസ് നൽകിയെന്ന് കോടതി ആരാഞ്ഞു. രേഖകൾ ഹൈക്കോടതിയിൽ എത്തിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകി. നടപടിക്രമങ്ങൾ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും. പ്രതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആനുകൂല്യങ്ങൾ വാങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി.
കേസിൽ ഡോ. എംകെ റാമിനെ മൂന്നുമാസത്തെ ഒളിവിന് ശേഷം അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പോലീസിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ



































