കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ഡിവൈഎസ്പി സുധീർ കല്ലനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎപിസി ആയിരുന്നു സുധീർ കല്ലൻ. ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ അറസ്റ്റിലെ വീഴ്ചകളിൽ നടപടി എടുക്കാത്തതിനെ തുടർന്ന് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
സുധീർ കല്ലന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡിവൈഎസ്പിക്കെതിരെ നടപടി എടുക്കാനും നിർദ്ദേശിച്ചിരുന്നു. ഡിവൈഎസ്പി ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
ഒളിവിൽ കഴിഞ്ഞിരുന്ന എംകെ റാമിനെ അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമം പാലിക്കാത്തതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പോലീസ് മനഃപൂർവം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരു കാര്യവും പോലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഡലോചന കണ്ടെത്താൻ അന്വേഷണവും നടത്തണമെന്ന് പറഞ്ഞ കോടതി, ഇല്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും പറഞ്ഞിരുന്നു.
ഏപ്രിൽ പത്തിനാണ് തിരുവനന്തപുരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ രാജൻ- ലത ദമ്പതികളുടെ മകൻ നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































