ചേർത്തല: കാർ ബൈക്കിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയതോടെ ഇരുവരും 15 മിനിറ്റോളം ചോര വാർന്ന് റോഡിൽ കിടന്നു.
ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ചേർത്തല വാരനാട്- ചെങ്ങണ്ട റോഡിൽ വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ശിവപ്രസാദ് ആയിരുന്നു ബൈക്ക് ഓടിച്ചത്. ഇരുവരും റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് കാർ നിർത്താതെ പോയെന്നും ഇവർ പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്നെന്നും പോലീസ് പറഞ്ഞു.
ഇതുവഴി പോയ മറ്റു യാത്രക്കാർ പരിക്കേറ്റ യുവാക്കളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു ശിവപ്രകാശ്.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി




































