ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം എത്തിയ രാഹുൽ ഗാന്ധി പാർലമെന്റ് സ്‌ട്രീറ്റ് പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. കേസ് എടുക്കാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് രാഹുൽ പോലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു.
പിന്നാലെയാണ് കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പാർലമെന്റ് സ്‌ട്രീറ്റിലുള്ള സെൻട്രൽ ഡെൽഹി കമ്മീഷണർ ഓഫ് പോലീസിന്റെ ഓഫീസിലേക്ക് രാഹുൽ നേരിട്ടെത്തിയത്.
സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പോലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ടേക്കാവുന്ന അവസ്‌ഥയിൽ ആവുകയും ചെയ്‌തിരുന്നു.
എന്നാൽ, സമരക്കാർക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡെൽഹി പോലീസിന്റെയും സർക്കാരിന്റെയും വാദം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരിക്കേറ്റ വിദ്യാർഥികളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്‌തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്‌തുകൊണ്ട് രാഹുൽ ഗാന്ധി പ്രതിഷേധം ശക്‌തമാക്കിയിരുന്നു.
Most Read| ലോകം ഞങ്ങളെ അംഗീകരിച്ചു, യുദ്ധം അവസാനിപ്പിക്കാൻ സമയമായി; ഇറാൻ




































