തൃശൂർ: പുലിക്കളിക്കെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. പുലിക്കളി കലാകാരൻമാർക്കും അതിനോട് ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായ പ്രകടനം മനോവിഷമം ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിലുള്ള ഖേദം രേഖപ്പെടുത്തുന്നതായും വികെ ശ്രീരാമൻ സാമൂഹിക മാദ്ധ്യമ പോസ്റ്റിൽ പറഞ്ഞു.
”തൃശൂരിലെ പുലിക്കളി യഥാർഥത്തിൽ ഒരു സിംഗിൾ തീം കാർണിവെൽ ആണ്. കാസർകോഡൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത കലർന്ന കലാരൂപം. പരിശീലനവും മെയ്വഴക്കവും വേണ്ടത്. കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്പെക്ടക്കിൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.
ഈ അഭിപ്രായം ശരിയാണെന്ന് ഞാൻ മനസിലാക്കുന്നു. അതിനാൽ എന്റെ അഭിപ്രായ പ്രകടനം പക്വത ഉള്ളതായില്ല എന്നും… ഈ നൃത്ത കലാരൂപത്തെ കുറേക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരൻമാരുടെയും സംഘടകരുടെയും ഭാഗത്തുനിന്ന് ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ”- പോസ്റ്റിൽ പറയുന്നു.
‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് പുലിക്കളിയെ ഇദ്ദേഹം വിമർശിച്ചത്. ”പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം”- എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.
പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തിയിരുന്നു. പോസ്റ്റിന്റെ കമന്റ് ബോക്സിലും അല്ലാതെയുമായി കടുത്ത വിമർശനമാണ് ഉയരുന്നത്. വികെ ശ്രീരാമന്റെ പരാമർശം കലാകാരൻമാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണെന്ന് പുലിക്കളി സംഘങ്ങൾ പറഞ്ഞു. കലാകാരൻമാരോട് വികെ ശ്രീരാമൻ മാപ്പ് പറയണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































