തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29ന് കേരളത്തിലെത്തും.
നിലവിലെ ചാമ്പ്യൻമാരായ കൊച്ചിയുടെ മൽസരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ ‘യൂണിവേഴ്സൽ ബോസ്’ നേരിട്ടെത്തുന്നത്. 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ മൽസരം.
കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി മൽസരം നേരിട്ട് ആസ്വദിക്കുകയും ബ്ളൂ ടൈഗേഴ്സിന് തങ്ങളുടെ പൂർണ പിന്തുണ നൽകുകയും ചെയ്യണമെന്ന് ടീം അഭ്യർഥിച്ചു. ആരാധകരുടെ ആവേശകരമായ പിന്തുണ, ടീമിന്റെ വിജയത്തിന് കൂടുതൽ കരുത്തുപകരുമെന്നും കൊച്ചി ബ്ളൂ ടൈഗേഴ്സ് അറിയിച്ചു.
ക്രിസ് ഗെയ്ൽ കൊച്ചി ടീമിനൊപ്പം ചേരുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്. അദ്ദേഹം എന്നാണ് സ്റ്റേഡിയത്തിലേക്ക് എത്തുക എന്ന ചോദ്യത്തിനാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന കൊച്ചി ബ്ളൂ ടൈഗേഴ്സിന്, ഗാലറിയിലെ ആരാധക പിന്തുണക്കൊപ്പം ഗെയ്ലിന്റെ സാന്നിധ്യം കൂടി ലഭിക്കുന്നത് ഇരട്ടി കരുത്താകും. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർമാരിലൊരാളായ അദ്ദേഹം സ്റ്റേഡിയത്തിൽ നേരിട്ടെത്തുന്നതിലൂടെ കെസിഎൽ മൂന്നാം സീസണിന് ആഗോളശ്രദ്ധ ലഭിക്കുമെന്നാണ് സംഘാടക പ്രതീക്ഷ.

അതേസമയം, കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കുള്ള കരുത്തിനും പ്രൊഫഷണൽ സമീപനത്തിനും മൂർച്ചകൂട്ടി, ഇത്തവണയും കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ചാമ്പ്യാൻമാരായ കൊച്ചി ബ്ളൂ ടൈഗേഴ്സ് കഴിഞ്ഞദിവസം പരിശീലന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമിട്ടിരുന്നു.
ഹെഡ് കോച്ച് റൈഫി വിൻസെന്റ് ഗോമസിന്റെ നേതൃത്വത്തിലാണ് ടീമിന്റെ സീസൺ 3 ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച യുവതാരങ്ങളെയും ഉൾപ്പെടുത്തി സന്തുലിതമായ ടീമിനെയാണ് കൊച്ചി ബ്ളൂ ടൈഗേഴ്സ് ഒരുക്കിയിരിക്കുന്നത്. സാലി സാംസൺ ക്യാപ്റ്റനായും ബേസിൽ തമ്പി വൈസ് ക്യാപ്റ്റനായും നയിക്കും.

“കിരീടം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഓരോ താരവും മികച്ച രീതിയിൽ തയാറെടുക്കുകയാണ്. ടീമിന്റെ ആത്മവിശ്വാസവും ഐക്യവും ശക്തമാണ്. ആരാധകരുടെ പിന്തുണയോടെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു“ -ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു.
Informative | ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































