കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പടെ മൂന്നുപേരാണ് ഒളിവിലുള്ളത്.
മോഷണശ്രമം ആരോപിച്ചാണ് 12 കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചത്. അടച്ചിട്ട മുറിയിൽ കൈകാലുകൾ കെട്ടിയിട്ടായിരുന്നു ഉപദ്രവം. കുട്ടിയുടെ ശരീരത്തിൽ കമ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും കാൽനഖങ്ങളിൽ ഈർക്കിൽ കയറ്റുകയും ചെയ്തിട്ടുണ്ട്.
കുട്ടിയുടെ ബന്ധുക്കളിൽ ഒരാളുടെ വാച്ച് കഴിഞ്ഞയാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈ വാച്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുക്കളുടെ വീട്ടിലെ അടച്ചിട്ട മുറിയിൽ എത്തിച്ചായിരുന്നു രണ്ടു ദിവസത്തെ പീഡനം. ഒടുവിൽ കൈകാലുകളിൽ കെട്ടിയിട്ടിരുന്ന കയർ അൽപ്പം അയഞ്ഞതോടെ കുട്ടിയത് അഴിച്ചെടുക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞദിവസം രാത്രി 11 മണിയോടെ വീട്ടിലെ ടെറസ് വഴി കവുങ്ങിൽ കൂടി രക്ഷപ്പെടുകയായിരുന്നു. ഒരു വഴിയാത്രക്കാരനാണ് കുട്ടിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കമ്പികൊണ്ട് അടിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാക്കുകയും കാൽനഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റി ഉപദ്രവിക്കുകയും ചെയ്തെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
കൂടാതെ, കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും പച്ചമുളക് അരച്ച് ദേഹത്ത് പുരട്ടുകയും ചെയ്തതായും കുട്ടി പറഞ്ഞു. ഇതേത്തുടർന്ന് കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും തുടർനടപടികൾക്ക് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!





































