ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഡോ. അൻവർ ഗർഗാഷ്. ആക്രമണം തടഞ്ഞതിൽ അസാമാന്യ ധൈര്യം കാട്ടിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്‌ഛാറിനെ എക്‌സിൽ പങ്കുവെച്ച പോസ്‌റ്റിൽ ഗർഗാഷ് അഭിനന്ദിച്ചു.
”ഫ്‌ളൈ ദുബായിലെ ഇന്ത്യൻ പൈലറ്റ് സ്‌മിത് മച്‌ഛാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അപകടകരമായ ഒരു ഭീകര പ്രവർത്തനത്തെയും സാധ്യമായ ദുരന്തത്തെയും നേരിടുമ്പോൾ ധൈര്യവും ഉത്തരവാദിത്തവും യഥാർഥ അർഥത്തിൽ അദ്ദേഹം പ്രകടിപ്പിച്ചു”- പോസ്‌റ്റിൽ ഗർഗാഷ് പറഞ്ഞു.
സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കവേ, യുഎഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്‌ഥൻ ഈ ആക്രമണത്തെ പരസ്യമായി ഭീകരപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണ്.
സെപ്‌തംബർ 30ന് ബുധനാഴ്‌ച ദുബായിൽ നിന്ന് ഇസ്രയേൽ തലസ്‌ഥാനമായ ടെൽ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായ് 1073ലാണ് അക്രമമുണ്ടായത്. ഒമാൻ സ്വദേശിയായ പൈലറ്റ്, സഹപൈലറ്റും ഇന്ത്യക്കാരനുമായ സ്‌മിത് മച്‌ഛാറിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ, 30,000 അടി ഉയരത്തിൽ പറന്ന വിമാനം പൊടുന്നനെ പതിനായിരത്തിലധികം അടി താഴേക്ക് എത്തിയതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി.
ഗുരുതരമായി പരിക്കേറ്റെങ്കിലും സ്‌മിത് മച്‌ഛാർ സഹപൈലറ്റിന്റെ ശ്രമങ്ങളെ നിഷ്‌ഫലമാക്കി, കൊക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അകത്തുകയറുകയും അക്രമിയെ കീഴടക്കുകയും ആയിരുന്നു. തുടർന്ന് യാത്രക്കാരായി ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
Most Read| ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം, 44 വർഷത്തെ കാത്തിരിപ്പ്





































