ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്ത്. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി ആണ് ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്‌ഛാറിനെ ആക്രമിച്ചത്. ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയാണ്. മാതാവ് സിറിയക്കാരിയും. യുഎഇയിലാണ് ഹമാം ജനിച്ചത്.
ഏഴുവർഷമായി ഇയാൾ ഒമാൻ എയറിൽ ജോലി ചെയ്‌തിരുന്നെന്നാണ് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്. 2025 ഫെബ്രുവരിയിലാണ് ഈ ജോലിയിൽ നിന്ന് മാറ്റിയത്. പിന്നാലെ 2025 ജൂണിൽ റോയൽ എയർ മറോക്കിൽ ചേർന്നു. 2026 ജനുവരിയിൽ ആ ജോലിയും അവസാനിപ്പിച്ചു. എന്നാൽ, ഫ്ളൈ ദുബായിൽ ജോലിക്ക് ചേർന്ന വിവരം പേജിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല. നിലവിൽ ഈ പേജ് നീക്കം ചെയ്‌തിട്ടുണ്ടെന്നും സിഎൻഎൻ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
തീവ്ര നിലപാടുകളുള്ള വ്യക്‌തിയായതിനാൽ ഹമ്മാമിനെ വിമാന പരിശീലനത്തിൽ നിന്ന് ഒഴിവാക്കുകയും ഒമാന്റെ ദേശീയ വിമാനക്കമ്പനിയിൽ മറ്റൊരു ചുമതല നൽകുകയും ചെയ്‌തു എന്ന് നയതന്ത്രജ്‌ഞൻ വ്യക്‌തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എട്ടുമാസം മുമ്പാണ് ഹാമാമ്മി ഫ്‌ളൈ ദുബായിൽ ജോലിക്ക് കയറിയത്. പുറത്തുവന്ന വിവരത്തെ കുറിച്ച് കൂടുതൽ പ്രതികരണത്തിനായി ഒമാൻ എയർ, റോയൽ മറോക്ക്, ദുബായ് സർക്കാർ എന്നിവരുമായി ബന്ധപ്പെട്ടെന്നും സിഎൻഎൻ പറയുന്നു.
അതേസമയം, ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഫ്‌ളൈ ദുബായ് താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസ്‌താവനയിൽ അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികളുടെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും കമ്പനി അറിയിച്ചു.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































