മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ താഴ്‌ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്.
കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരുരൂരിലേക്ക് തിരിച്ചുവരുന്നതിനിടെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്ന് പിടികൂടുകയായിരുന്നു. ബുധനാഴ്‌ച രാത്രി ഒരുമണിക്ക് ഫൗസിയയെ ഹുസൈൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് കൊണ്ടുപോയത്.
എന്നാൽ, വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇതോടെ മകൾ പോലീസിൽ വിവരം അറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്. കടലിലേക്ക് പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം പിടിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു.
ഇത് വലിച്ചെടുത്ത് നോക്കിയപ്പോഴാണ് അറ്റത്ത് ചാക്ക് കണ്ടത്. ഇതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിൽ ഫൗസിയയുടെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. ഹുസൈൻ സ്‌ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്‌ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്.
ബുധനാഴ്‌ച വൈകീട്ടും ഫൗസിയയുമായി വഴക്കിടുകയും ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്‌തിരുന്നു. അന്ന് രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിന്റെ പിൻവശത്ത് മുറിവുണ്ട്. ഇത് നങ്കൂരം തട്ടിയതുകൊണ്ടുള്ളതാണെന്നാണ് കരുതുന്നത്.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി




































