കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.
അതേസമയം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എ അജികുമാറിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അജികുമാറിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. 2025ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടി ഇവരെ അറസ്റ്റ് ചെയ്തത്.
ദ്വാരപാലക പാളികൾ സ്വർണം പൂശാൻ കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പിഎസ് പ്രശാന്തും എ അജികുമാറും ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കി സ്വർണം പൂശുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2019ന് പുറമെ 2025ലും ശബരിമലയിൽ നിന്ന് സ്വർണക്കവർച്ച നടന്നിട്ടുണ്ടെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമാണ് സ്വർണം അപഹരിക്കപ്പെട്ടത്. എന്നാൽ, 2025ൽ ദ്വാരപാലക ശിൽപ്പത്തിലെ താങ്ങുപീഠ പാളികളിൽ നിന്നാണ് സ്വർണം അപഹരിച്ചത്.
17ആം പ്രതിയായ പിഎസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗമാണ് 18ആം പ്രതി എ. അജികുമാർ എന്നിവർ മറ്റു പ്രതികൾ ചെയ്ത കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന് കൂട്ടുനിന്നു. ഇവർ പ്രതികൾക്ക് അനുകൂലമായി ബോർഡ് ഉത്തരവ് ഇറക്കി.
അതുമൂലം ദ്വാരപാലക താങ്ങുപീഠ പാളികളിൽ നിന്നും വീണ്ടും സ്വർണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും 12ആം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭം ഉണ്ടാക്കി നൽകി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































