ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശിവൻകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്.
മോഷണശ്രമത്തിന് പിന്നാലെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിൽ ആയിരുന്നു. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ചെറുമകൻ വീട്ടിലെത്തി പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു.
നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ശിവൻകുട്ടിയുടെ ദേഹത്തും വീട്ടിലും ഉണ്ടായിരുന്ന ആറുപവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സരസ്വതിയാണ് ശിവൻകുട്ടിയുടെ ഭാര്യ. മക്കൾ: ശശികല, ശ്രീകല.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































