പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുക.
പാലക്കാട് ഡിവിഷൻ വിഭജനം അറിഞ്ഞില്ലെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്‌താവന അവിശ്വസനീയമാണ്. കർണാടക പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണിത്. തീരുമാനം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് എംപിമാർ അറിയിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ഇവർ ആരോപിക്കുന്നു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകയ്‌ക്ക് നേട്ടമാണ് ഉണ്ടാക്കുക. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്‌ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോർത്തും.
വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മൈസൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്‌റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തെയും ബാധിക്കും. പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചു ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്‌റ്റേഷൻ അടക്കമുള്ളവയാണ് മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നത്.
ഇതോടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ ഓടുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണം. റെയിൽവേ മന്ത്രാലയമാണ് പാലക്കാടിന്റെ ജീവൻ നഷ്‌ടപ്പെടുത്തുന്ന ഉത്തരവിറക്കിയത്. ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































