ടെഹ്‌റാൻ: യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. സാമ്പത്തിക യുദ്ധം അമേരിക്ക തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയോ ഗൾഫിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നു ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മൊഹ്‌സെൻ എക്‌സിൽ കുറിച്ചു. ഇറാനിലെ ജനങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കാളിയാകുന്ന ഏതൊരു രാജ്യത്തിന്റെയും പ്രവർത്തനത്തെ യുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തതിന് പിന്നാലെയാണ് ഇറാൻ രംഗത്തെത്തിയത്.
സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. ഒരു രാജ്യത്തിന് നേരെ സാമ്പത്തികമായി നടക്കുന്ന ഏറ്റവും വലിയ ഉപരോധ നടപടികൾക്കാണ് യുഎസ് തുടക്കമിട്ടിരിക്കുന്നത്. ഇറാന്റെ എല്ലാ സാമ്പത്തിക ധമനികളും പൂർണമായി വിച്‌ഛേദിക്കുക എന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെ സാമ്പത്തിക ചരിത്രത്തിലെ ഡി-ഡേ (Economic D Day) എന്നാണ് വിളിക്കുന്നതെന്നും ട്രംപ് വ്യക്‌തമാക്കി. ഇത് വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വരവിൽ തടസമുണ്ടാക്കും. എണ്ണവിലയും കത്തും. പണപ്പെരുപ്പം കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































