ഗാങ്ടോക്ക്: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 20 ആയി. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവരാണ് സ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കത്തിലാണ് മീഥെയ്‌ൻ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം. അതേസമയം, കാണാതായവരിൽ ഒരു മലയാളിയും ഉണ്ട്.
നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്‌റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്‌ഥനാണ് അനീഷ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അപകട സ്‌ഥലത്തേക്ക് തിരിച്ചു. ഭാര്യയും ഭാര്യയുടെ സഹോദരനും അനീഷിന്റെ സഹോദരനുമാണ് സിക്കിമിലേക്ക് തിരിച്ചത്.
ഡെൽഹിയിൽ എത്തിയ മൂവരെയും എൻഎച്ച്പിസി അധികൃതർ വിമാനമാർഗം സിക്കിമിൽ എത്തിച്ചു. ഹരിയാനയിലായിരുന്ന അനീഷിന് ഏഴുമാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്‌ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു താമസം. അനീഷിന് സിക്കിമിലേക്ക് മാറ്റം ലഭിച്ചതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.
അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം ഊർജിതമാണ്. പശ്‌ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ കഴിഞ്ഞദിവസം അപകടസ്‌ഥലം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. അപകടം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്‌ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി


































