സിക്കിം ദുരന്തം; അനീഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

സിക്കിമിൽ നിന്ന് റോഡ് മാർഗം ഇന്ന് ഉച്ചയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നോർക്കയുടെ ഇടപെടലിൽ സജ്‌ജീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്‌തു. രാത്രി 11 മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിക്കുന്നത്.

By Senior Reporter, Malabar News
Sikkim-Tunnel-Accident- Aneesh
അനീഷ് മോഹൻ

കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാളെ രാവിലെ ഏഴുമണിയോടെ കൊച്ചിയിൽ എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സിക്കിമിൽ നിന്ന് റോഡ് മാർഗം ഇന്ന് ഉച്ചയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നോർക്കയുടെ ഇടപെടലിൽ സജ്‌ജീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്‌തു. രാത്രി 11 മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യവും നോർക്ക ഏർപ്പെടുത്തി. മുഖ്യമന്ത്രി വിഡി സതീശന്റെ നിർദ്ദേശ പ്രകാരമാണ് നോർക്ക എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. അനീഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ അനിശ്‌ചിതത്വം നേരിടുന്നതായി ഭാര്യ സംഗീത സദാനന്ദൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

അനീഷിന്റെ ഭാര്യ സംഗീത, സഹോദരൻ ബിനീഷ് മോഹൻ, സംഗീതയുടെ സഹോദരൻ സനൽ, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്‌ച തന്നെ സിക്കിമിൽ എത്തിയിരുന്നു. അന്ന് തന്നെ മൃതദേഹം കിട്ടിയെങ്കിലും സിക്കിം അധികൃതരും ആരോഗ്യവിഭാഗവും നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം വൈകിപ്പിച്ചെന്ന് ഇവർ ആരോപിച്ചിരുന്നു.

മരിച്ച് 72 മണിക്കൂർ കഴിഞ്ഞതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ആരോഗ്യവിഭാഗം വിലപാടെടുത്തു. ഇതോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ അനിശ്‌ചിതത്വം നേരിട്ടത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്.

നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജറും ജിയോളജിസ്‌റ്റുമായ അനീഷ് 16 വർഷമായി കമ്പനിയിലെ ഉദ്യോഗസ്‌ഥനാണ്. എൻഎച്ച്പിസി ഉദ്യോഗസ്‌ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്‌ച മുതൽ തുരങ്കത്തിൽ കുടുങ്ങിയത്.

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കത്തിലാണ് മീഥെയ്‌ൻ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം.

ഹരിയാനയിലായിരുന്ന അനീഷിന് ഏഴുമാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്‌ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു താമസം. അനീഷിന് സിക്കിമിലേക്ക് മാറ്റം ലഭിച്ചതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. മണർകാട് കൊച്ചുമറ്റം തോട്ടയ്‌ക്കാട്‌ ഗവ. ഹൈസ്‌കൂൾ അധ്യാപകനായിരുന്ന പികെ മോഹനന്റെയും അധ്യാപികയായിരുന്ന അമ്മിണിക്കുട്ടിയുടെയും മകനാണ് അനീഷ്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE