കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്‌റ്റിച്ച് ഇടാൻ അനസ്‌തേഷ്യ നൽകിയതിലാണ് വീഴ്‌ച സംഭവിച്ചതെന്നാണ് പരാതി. കുട്ടി നിലവിൽ വെന്റിലേറ്റർ ചികിൽസയിലാണ്.
എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയസ്‌തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ചികിൽസ നൽകിയെന്നും അധികൃതർ പറയുന്നു.
എന്നാൽ, ആശുപത്രിക്ക് ഗുരുതര ചികിൽസാ പിഴവ് സംഭവിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസിലും പരാതി നൽകിയിട്ടുണ്ട്. വലിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
എന്നാൽ, അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും റിസ്‌കുണ്ടെന്നും സാധ്യമായ എല്ലാ ചികിൽസയും നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. വീടിന് മുന്നിൽ കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോവുകയും രണ്ട് സ്‌റ്റിച്ചിടണമെന്ന് പറഞ്ഞതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാവിലെ 11 മണിയോടെയാണ് ഇവിടെ എത്തിയത്. മൂന്നുമണിയോടെ കുഞ്ഞിന് അനസ്‌തേഷ്യ നൽകിയെന്നും ഉടൻ തന്നെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്.
Most Read| ഇന്ത്യയുടെ ആണവ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്‌ക്കുന്നു; യുറേനിയം കൈമാറാൻ ഓസ്‍ട്രേലിയ

































