‘കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു’; ഹർഷിന ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അറ്റൻഡറായാണ് ഹർഷിന ചുമതലയേറ്റത്.

By Senior Reporter, Malabar News
harshina
ഹർഷിന

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒമ്പതുവർഷക്കാലം ദുരിതമനുഭവിച്ച ഹർഷിനക്ക് കൈത്താങ്ങായി യുഡിഎഫ് സർക്കാർ. ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡറായാണ് ഹർഷിന ചുമതലയേറ്റത്.

ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹർഷിനയ്‌ക്ക് അതേ മെഡിക്കൽ കോളേജിൽ തന്നെ സ്‌ഥിരം ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

‘കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്‌ത മുൻ അധികാരികൾക്കുള്ള ശക്‌തമായ മറുപടിയാണിത്’- ഇന്ന് ജോലിയിൽ പ്രവേശിക്കാനായി മെഡിക്കൽ കോളേജിലെത്തിയ ഹർഷിന വികാരാധീനയായി പറഞ്ഞു. സമരസമിതി നേതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഹർഷിന എത്തിയത്.

കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി. ഒമ്പത് വർഷം മരണം മുന്നിൽക്കണ്ട് ജീവിച്ചതിനൊടുവിൽ സത്യം വിജയിച്ചുവെന്നും ഹർഷിന കൂട്ടിച്ചേർത്തു.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്‌ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. പ്രസവശേഷം അസ്വസ്‌ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽ നിന്ന് ഈ കത്രിക 2022 സെപ്‌തംബർ 17ന് ശസ്‌ത്രക്രിയയിലൂടെ പുറത്തെടുകയായിരുന്നു.

മതിയായ നഷ്‌ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹർഷിന നടത്തിയ സമരപോരാട്ടങ്ങൾ കേരളം കണ്ടതാണ്. കേസിൽ രണ്ട് ഡോക്‌ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതിയാക്കി പോലീസ് കെസെടുത്തിരുന്നു. മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ്‌ കമ്മീഷണറായിരുന്ന കെ. സുദർശനന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.

കുന്നമംഗലം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 2024 ജൂലൈയിൽ വിചാരണ തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്യുകയായിരുന്നു. തുടർനടപടികൾ ആരംഭിക്കാനിരിക്കെയാണ് കേസിൽ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. പ്രതിപക്ഷ നേതാവ് ആയിരിക്കെ വിഡി സതീശൻ നൽകിയ തുക ഉപയോഗിച്ചാണ് ഹർഷിന ചികിൽസ നടത്തിയത്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE