ചെന്നൈ: അനുഗ്രഹീതമായ സ്വരമാധുര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30ന് മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്തരിച്ച എസ്. ജാനകിയുടെ ഭൗതികശരീരം ഇന്ന് രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ മൈസൂരുവിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.
വൈകീട്ട് 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ സ്വരമാധുര്യംകൊണ്ട് ഈറനണിയിച്ച മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ടുകൾ പാടിയ എസ്. ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീത മൽസരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയതാണ് ജാനകിക്ക് സംഗീതത്തിലേക്കുള്ള വഴിതുറന്നത്.
വൈകാതെ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി ‘വിധിയിൽ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് ജാനകി സിനിമാ സംഗീതലോകത്തേക്ക് കടന്നുവരുന്നത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും എസ്. ജാനകി എന്ന പാട്ടുകാരിയെ ലോകം അറിഞ്ഞുതുടങ്ങി.
ആ വർഷം തന്നെ മലയാളം ഉൾപ്പടെ ആറ് ഭാഷകളിൽ പാടാൻ അവസരം ലഭിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നേയില്ല ഈ ഗായികയ്ക്ക്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന സിനിമയിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 1962ൽ പുറത്തിറങ്ങിയ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ് ചിത്രത്തിൽ ജാനകി പാടിയ ‘ശിങ്കാര വേലനെ ദേവ’ എന്ന പാട്ട് തെന്നിന്ത്യൻ സംഗീത ലോകത്തെ ഇളക്കി മറിച്ചു. സിനിമാ മേഖലയിൽ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലുതവണ ലഭിച്ചു. കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്രാ സർക്കാരിന്റെ അവാർഡ് 10 തവണയും തമിഴ്നാട് സർക്കാരിന്റെ അവാർഡ് എഴുതവണയും ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ഒഡിഷ സർക്കാരിന്റെ അവാർഡും ഒരുതവണ ലഭിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാരൻമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നിരസിച്ചു.
2017ൽ മൈസൂരുവിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിലും സിനിമയിലും പാടില്ലെന്ന് അന്ന് പ്രഖ്യാപിക്കുകയായിരുന്നു. പരേതനായ വി. രാമപ്രസാദാണ് എസ് ജാനകിയുടെ ഭർത്താവ്. 1958ലായിരുന്നു വിവാഹം. 1990ൽ അദ്ദേഹം മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്ണ (പരേതൻ). മരുമകൾ: ഉമ. പേരക്കുട്ടികൾ: അമൃതവർഷിണി, അപ്സര.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ






































