ചെന്നൈ: സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 25ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തായും തിളങ്ങി. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു.
മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും രസകരമായും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിൽ ഭാഗ്യരാജ് വിജയിക്കുകയും ചെയ്തിരുന്നു. ചില അവിസ്മരണീയമായ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഭാഗ്യരാജിന്റെ സിനിമകളെ ജനപ്രിയമാക്കി.
ഭാരതിരാജയുടെ ‘16 വയതിനിലെ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് ഭാഗ്യരാജ് സിനിമയിലെത്തിയത്. 1979ൽ പുറത്തിറങ്ങിയ ‘സുവർ ഇല്ലാത ചിത്തിരംഗൾ’ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഒരു കൈ ഒസൈ (1980), മൗന ഗീതങ്ങൾ (1981), അന്ത ഏഴ് നാടുകൾ (1981), ഡാർലിങ് ഡാർലിങ്, ഡാർലിങ് (1982), മുന്താണൈ മുടിച്ചു (1983), ചിന്ന വീട് (1985), എങ്ക ചിന്ന രാസ (1987) തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. 75ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് ഭാഗ്യരാജ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ആദ്യം എഐഎഡിഎംകെയ്ക്ക് ഒപ്പവും പിന്നീട് ഡിഎംകെയ്ക്ക് ഒപ്പവുമായിരുന്നു നിലകൊണ്ടത്. ശേഷം രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടുനിന്നു. നടൻ പർണിമ ജയറാം ആണ് ഭാര്യ. മക്കൾ: നടൻ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ്.
Most Read| മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം; നാളെമുതൽ അവസരം





































