കണ്ണൂർ: പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി.
ഭക്ഷണം കഴിച്ചു മണിക്കൂറുകൾക്കകം വിദ്യാർഥികൾക്ക് ഛർദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർഥികൾ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾ പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. ഇന്നലെ രാത്രി തന്നെ ആരോഗ്യവകുപ്പ് പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ഉൾപ്പടെ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനാ റിപ്പോർട് ലഭിച്ചതിന് ശേഷമായിരിക്കും തുടർ നിയമനടപടികളെന്ന് അധികൃതർ അറിയിച്ചു.
Most Read| ഓപ്പറേഷൻ സിന്ദൂർ; വീരമൃത്യു വരിച്ചത് ആറ് സൈനികർ, പേരുകൾ പുറത്തുവിട്ടു




































