ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് ബംഗ്ളാദേശിലേക്ക് മടങ്ങുന്നുവെന്ന് സൂചന. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീന, ഡിസംബർ 16ന് ബംഗ്ളാദേശിലേക്ക് മടങ്ങുമെന്ന് ഹസീനയുടെ വക്‌താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞതായാണ് റിപ്പോർട്.
ധാക്കയിലേക്ക് ബിമാൻ ബംഗ്ളാദേശ് എയർലൈൻസിൽ യാത്ര ഒരുക്കണമെന്നാണ് ആവശ്യം. 1971ലെ വിമോചന വിജയദിനത്തിലാണ് മടക്കയാത്ര ലക്ഷ്യമിടുന്നത്. അതേസമയം, മടങ്ങിയെത്തിയാൽ ഹസീനയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടക്കുമെന്ന നിലപാടിലാണ് ബംഗ്ളാദേശ് സർക്കാർ. കലാപ കാലത്തെ സംഘർഷങ്ങളുടെ പേരുടെ ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ച പശ്‌ചാത്തലത്തിൽ രാഷ്‌ട്രീയ സംഘർഷം ശക്‌തമാക്കാനാണ് സാധ്യത.
ഡിസംബറോടെ ബംഗ്ളാദേശിലേക്ക് മടങ്ങുമെന്നും നിയമനടപടി നേരിടുമെന്നും ഹസീന നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഹസീനയെ തിരിച്ചയക്കാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ബംഗ്ളാദേശ് സർക്കാരിന് മുന്നിൽ ഇന്ത്യ ഉപാധികൾ മുന്നോട്ടുവെച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ബംഗ്ളാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവായ ഹസീനയെ ന്യൂഡെൽഹിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന്റെ പൂർണ ഉത്തരവാദിത്തം ബംഗ്ളാദേശ് സൈന്യം ഏറ്റെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനായി സൈനിക വിമാനം അയക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2024 ഓഗസ്‌റ്റ് അഞ്ചിന് ബംഗ്ളാദേശിൽ നിന്ന് പലായനം ചെയ്‌ത ഹസീന സൈനിക വിമാനത്തിലായിരുന്നു ഇന്ത്യയിൽ എത്തിയത്.
വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാനും, പുതിയൊരു വിചാരണ നേരിടാനും ഹസീനയ്‌ക്ക് അവസരം നൽകുമെന്ന് ബംഗ്ളാദേശ് ഉറപ്പ് നൽകണമെന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ ആവശ്യമെന്നാണ് റിപ്പോർട്. ബിബിസി ബംഗ്ളായാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
ബംഗ്ളാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ 2025 നവംബറിൽ ബംഗ്ളാദേശ് കോടതി ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































