റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലുള്ള പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 11 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്. നടന്നത് ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും സൗദി സഖ്യസേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈലാണെന്ന് സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോർട് ചെയ്തു. റിയാദ് നഗരത്തിൽ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് പിഐഎഫ്. ഒരാഴ്ചയ്ക്കിടെ ഇതേ കെട്ടിടത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈമാസം 19ന് നടന്ന ആദ്യ ആക്രമണത്തിൽ ടവറിന്റെ ഏതാനും നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം







































