ദുബായ്: സൗദിയിൽ ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഹൂതികൾ. വരും മണിക്കൂറുകളിൽ അതിരൂക്ഷ വ്യോമാക്രമണം നടത്തുമെന്ന് ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു. യെമനിലെ സാദ, മോഖ വൈദ്യുതി പ്ളാന്റുകൾ ആക്രമിച്ചതിന് തിരിച്ചടി നൽകുമെന്നാണ് പ്രഖ്യാപനം.
സൗദിയുടെ തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികൾ സൗദിയുടെ ആകാശം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ആക്രമണത്തിൽ നിന്ന് മക്കയെയും മദീനയെയും ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലെ വൈദ്യുതി ഉൽപ്പാദന കേന്ദ്രമായ ഷുഖൈഖ് പവർ പ്ളാന്റും ജിദ്ദ ഉൾപ്പടെയുള്ള തുറമുഖങ്ങളും ആക്രമണ ഭീഷണിയിലാണ്. യെമനിലെ സാദ, മോഖ വൈദ്യുതി പ്ളാന്റുകളിൽ സൗദി നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായി ഷുഖൈഖ് വൈദ്യുതി പ്ളാന്റ് തകർക്കുമെന്നാണ് മുന്നറിയിപ്പ്.
റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ നിന്ന് ജനങ്ങളും ജീവനക്കാരും ഒഴിഞ്ഞുപോകാൻ ഹൂതികൾ ആവശ്യപ്പെട്ടു. അരാംകോയുടെ പ്രധാന ശുചീകരണശാല പ്രവർത്തിക്കുന്ന ജിസാ നിൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സൗദി അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം ഫോണുകളിൽ ലഭിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം സർവീസുകൾ 30 വരെയും ജിദ്ദ സർവീസുകൾ 24 വരെയും റദ്ദാക്കി. ഇൻഡിയോയുടെ എല്ലാ സർവീസുകളും 30 വരെ റദ്ദാക്കിയിട്ടുണ്ട്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ


































