ദമ്മാം: ദമ്മാം വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലും നാശനഷ്ടം സംഭവിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരണപ്പെട്ട വ്യക്തി പ്രവാസിയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് ഷൈബ എണ്ണപ്പാടം. യെമനിലെ ഏദനിൽ സൗദി സൈന്യം തമ്പടിച്ചിരിക്കുന്ന മേഖലകളിൽ ഹൂതികൾ ആക്രമണം നടത്തി. ഏദൻ വിമാനത്താവളത്തിന് സമീപം കറുത്ത പുകച്ചുരുളുകൾ ഉയരുന്നുണ്ട്. ഏദനിലെ ബദർ ക്യാമ്പ് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികൾ അറിയിച്ചു.
അൽ മുക്കല്ലയിലെ സൈനിക ക്യാമ്പിന് നേരെയും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായി. അതേസമയം, സൗദിയിലെ മദീനയ്ക്ക് നേരെ ഹൂതികൾ വ്യോമാക്രമണത്തിന് ശ്രമിച്ചതായി സഖ്യസേന അറിയിച്ചു. മദീനയ്ക്ക് മുകളിലും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയെന്നും സഖ്യസേന പ്രതിരോധിച്ചെന്നും സൗദി അറിയിച്ചു. നാല് ഡ്രോണുകൾ നശിപ്പിച്ചു.
എന്നാൽ മദീനയ്ക്ക് നേരെയോ സൗദിക്ക് നേരെയോ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്ന് യെമനിലെ ഇറാൻ അനുകൂല ഹൂതികൾ പറഞ്ഞു. അതിനിടെ, സൗദിക്ക് നേരെ ആക്രമണം രൂക്ഷമായ ഘട്ടത്തിൽ ഹൂതികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ പറഞ്ഞു. ഹൂതി-സൗദി പ്രശ്നത്തിൽ ഈജിപ്ത് ഇടപെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഇറാൻ അറിയിച്ചു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്





































