കണ്ണൂർ: മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെകെ രാധാകൃഷ്ണൻ (51) വധക്കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാതമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂര് കോരച്ചം വീട്ടിൽ എൻകെ. സന്തോഷിനെയാണ് (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിലെ മൂന്നാം പ്രതിയും രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാർ താമസിക്കുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 2025 മാർച്ച് 20നാണ് കെകെ. രാധാകൃഷ്ണൻ കൈതപ്രത്ത് താൻ നിർമിക്കുന്ന വീട്ടിൽ വെച്ച് സന്തോഷിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
മിനിയുടെ അറിവോടെയായിരുന്നു സുഹൃത്തായ സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവ സ്ഥലത്ത് നിന്നുതന്നെ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് മിനി നമ്പ്യാരെയും പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആറുമാസം മുമ്പാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. മിനി നമ്പ്യാരുമായുള്ള സന്തോഷിന്റെ സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. സഹപാഠികളായിരുന്ന സന്തോഷും മിനിയും പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.
ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടൽ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതോടെ സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞിരുന്നു.
രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുൻപ് എയർഗണുമായി നിൽക്കുന്ന ചിത്രം സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ”കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളിക്കും എന്നത് ഉറപ്പ്” എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് മറ്റൊരു പോസ്റ്റിമിട്ടു. നിന്നോട് ഞാൻ പറഞ്ഞത് അല്ലേടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന്. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും. പക്ഷേ എന്റെ പെണ്ണ്. നിനക്ക് മാപ്പില്ല- എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
അന്ന് രാത്രിയാണ് കൈതപ്രം പൊതുജന വായനശാലയ്ക്ക് സമീപം നിർമാണത്തിലുള്ള വീട്ടിൽ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് ഒത്താശ ചെയ്ത് നൽകിയതിനും ഗൂഡാലോചനയ്ക്കുമാണ് മിനിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീൽസിലൂടെ അറിയപ്പെട്ടിരുന്ന ആളായിരുന്നു മിനി. സിനിമാരംഗങ്ങളും ഭർത്താവിനോടുള്ള പ്രണയവുമെല്ലാം റീൽസിലൂടെ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ‘ഇത്തിരി കുശുമ്പും അസൂയയും മാത്രേ ഉള്ളൂ… ദിനേശേട്ടൻ പാവാ’ എന്ന തലക്കെട്ടോടെയാണ് മിനി അവസാന റീൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, കേസിന് പിന്നാലെ കമന്റ് ബോക്സ് പൂട്ടുകയായിരുന്നു. സഭ്യവും അസഭ്യവുമായ രീതിയിൽ വിമർശനങ്ങൾ വന്നതോടെയായിരുന്നു ഇത്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!


































