ചെന്നൈ: പ്രശസ്‌ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. മകൻ മനോജിന്റെ അകാല വിയോഗത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു.
തമിഴ് സിനിമകളെ ഗ്രാമീണതയുടെ മനോഹാരിതയിലേക്കും സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്കും ഇറക്കിക്കൊണ്ടുവന്ന സംവിധായകനാണ് ഭാരതിരാജ. 1977ൽ സംവിധാനം ചെയ്‌ത ‘16 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്.
കിഴക്കേ പോകും റെയിൽ (1978), സിഗപ്പു റോജകൾ (1978), നിഴൽകൾ (1980), അലൈകൾ (1980), ഒരു കൈദിയിൻ ഡയറി (1985), മുതൽ മാറിയത്തൈ (1985), കിഴക്ക് ചീമയിലെ (1993) തടുങ്ങിയവയാണ് ഭാരതിരാജയുടെ ശ്രദ്ധേയ സിനിമകൾ.
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ രാധിക, കാർത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങി ഒട്ടനവധി പ്രതിഭകളെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതിരാജയാണ്. കമൽഹാസൻ, രജനീകാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക് കരിയർ ബ്രേക്ക് കഥാപാത്രങ്ങൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.
2020ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത സിനിമ. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഭാരതിരാജ അഭിനേതാവായും സജീവമായിരുന്നു. മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ തരുൺ മൂർത്തി സംവിധാനം ചെയ്‌ത തുടരും (2025) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
2004ൽ രാജ്യം പത്‌മശ്രീ നൽകി ആദരിച്ച ഭാരതിരാജ, 2013ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണായ ജൂറി ചെയർമാനായിരുന്നു. ആറുതവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്‌കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ. കഴിഞ്ഞവർഷം മാർച്ചിലാണ് മകനും നടനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അന്നുമുതൽ അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതി മോശമായിരുന്നു.
Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ




































