ന്യൂഡെൽഹി: ധർമേന്ദ്ര പ്രധാന് പകരം പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.
നിലവിൽ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകളുടെ മന്ത്രിയായ പ്രൾഹാദ് ജോഷി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി വഹിക്കും. ഇന്ന് വൈകീട്ടാണ് നിയമനം സംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു സിജെപിയുടെ ആവശ്യങ്ങൾ. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ 35ആം ദിവസത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.
ഇതിന് പിന്നാലെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്നും സമരം അവസാനിപ്പിക്കുകയാണെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിനിധികൾ അറിയിച്ചു. പ്രവർത്തകർ ജന്തർ മന്തറിൽ നിന്ന് സമാധാനപരമായി പിരിഞ്ഞുപോകാനും സിജെപി ആഹ്വാനം ചെയ്തു.
Related News| വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു




































