പാറ്റകൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ ശക്‌തമായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് രാജി.

By Senior Reporter, Malabar News
Dharmendra Pradhan
ധർമേന്ദ്ര പ്രധാൻ (Image Courtesy: Dharmendra Pradhan FB Page)

ന്യൂഡെൽഹി: ഇരച്ചെത്തിയ പാറ്റകൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ ശക്‌തമായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് രാജി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നുമായിരുന്നു സിജെപിയുടെ ആവശ്യങ്ങൾ. ഇതിൽ മന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു.

ധർമേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്. ഇന്ന് ഉച്ചയ്‌ക്ക് 3.30ന് ചർച്ച നടത്താമെന്നും തീരുമാനിച്ചിരുന്നു. പ്രധാന്റെ രാജിക്ക് പകരം വകുപ്പ് മാറ്റം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നതായുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ, മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു സിജെപി. ഇതിനിടെയാണ് പ്രധാന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാജിക്കാര്യം പ്രധാൻ അറിയിച്ചത്. ഇതോടെ സിജെപി സമരം വൻ വിജയമായി. യുവജനരോഷത്തിൽ സമ്മർദ്ദത്തിലായ കേന്ദ്രം ഇന്നലെ മുതൽ തന്നെ സമവായ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കർശന നടപടികൾ വ്യവസ്‌ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.

ഇതിന് പുറമെ ദേശീയ പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയിലെ (എൻടിഎ) 47 ഉദ്യോഗസ്‌ഥരെ കേന്ദ്രം പുറത്താക്കിയിരുന്നു. അതേസമയം, മന്ത്രിയുടെ രാജിയിൽ ജന്തർ മന്ദറിൽ സിജെപി ആഹ്ളാദ പ്രകടനം നടത്തി. നീറ്റ് പരീക്ഷയ്‌ക്ക് പിന്നാലെ ആത്‍മഹത്യ ചെയ്‌ത വിദ്യാർഥികളുടെ ചിത്രം സമരപ്പന്തലിൽ ഉയർത്തിപ്പിടിച്ചായിരുന്നു ആഹ്ളാദ പ്രകടനം. ചരിത്ര വിജയമെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ പ്രതികരിച്ചു.

Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE