ബ്‌ളാക് മെയിലിങ് ജേർണലിസം; ‘ഓപ്പറേഷൻ തൂഫാൻ’ ആവശ്യപ്പെട്ട് കോംഇന്ത്യ

യൂട്യൂബ് ചാനലുകള്‍, ന്യൂസ്‌ വെബ്‌സൈറ്റുകൾ, 'ന്യൂസ്' എന്ന് പേരിടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍, ബ്‌ളോഗുകള്‍ ഉള്‍പ്പടെയുള്ളവ 'മാദ്ധ്യമ പ്രവർത്തന' മറവിൽ ദുരുപയോഗം ചെയ്‌ത്‌ വ്യാപക തട്ടിപ്പും ബ്‌ളാക് മെയിലിങ്ങും അരങ്ങേറുന്നതായും ഇതിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള ശക്‌തമായ നടപടികൾ ആവശ്യമാണെന്നും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
ComIndia Against Blackmail Journalism
Image Designed by Team MN

കൊച്ചി: മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും പത്ര പ്രവർത്തകർക്കും പേരുദോഷം സൃഷ്‌ടിക്കുന്ന മാദ്ധ്യമ വ്യാജൻമാർ പ്രസ് ഐഡികളും സ്‌റ്റിക്കറുകളും ഉപയോഗിച്ച് സംസ്‌ഥാന വ്യാപകമായി തട്ടിപ്പുകളും ബ്‌ളാക്‌ മെയിലിങ്ങും നടത്തുന്നുണ്ടെന്നും ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോം ഇന്ത്യ) വാർഷിക ജനറൽബോഡി പ്രമേയം പാസാക്കി.

തട്ടിക്കൂട്ട് രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം വ്യാജ മാദ്ധ്യമങ്ങളെയും അവയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തിയുള്ള വിവിധ സംഘടനകൾ സംസ്‌ഥാന വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവയിൽ ചിലത് ദേശീയ വ്യാപകമായി പ്രവർത്തിക്കുന്നതാണെന്ന് അവകാശപ്പെട്ട് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രസ് ഐഡികളും വാഹനങ്ങളിൽ ഒട്ടിക്കാനുള്ള പ്രസ് സ്‌റ്റിക്കറുകളും വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കോംഇന്ത്യ യോഗം വിലയിരുത്തി.

ഇത്തരം തട്ടിക്കൂട്ട് സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ പലർക്കും മാനദണ്ഡങ്ങൾ പാലിക്കുന്ന മാദ്ധ്യമ സ്‌ഥാപനങ്ങൾ ഇല്ലെന്നും പലരും മാദ്ധ്യമ രംഗത്തുള്ളവർ അല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ഗൂഢലക്ഷ്യങ്ങളോടെ രുപീകരിച്ചിട്ടുള്ള ഈ സംഘടനകളിൽ ഉള്ളവർ നടത്തുന്ന യൂട്യൂബ് ചാനലുകള്‍, ന്യൂസ്‌ വെബ്‌സൈറ്റുകൾ, ‘ന്യൂസ്’ എന്ന് പേരിടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍, ബ്‌ളോഗുകള്‍, സോഷ്യൽ മീഡിയാ പേജുകൾ കൃത്യമായ അപ്‌ഡേറ്റുകൾ പോലും ഇല്ലാത്തവയാണെന്നും തട്ടിപ്പിനും ബ്‌ളാക്‌ മെയിലിങ്ങിനും ഉപയോഗിക്കാനായി മാത്രം സ്‌ഥിരതയില്ലാത്ത അപ്‌ഡേറ്റുകൾ നടത്തുന്നവയാണ് ഇവയിൽ പലതുമെന്നും ഉദാഹരണസഹിതം പ്രമേയചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ആശുപത്രികൾ, സർക്കാർ ജീവനക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾ, വ്യക്‌തികൾ, ബിസിനസുകാർ ഉൾപ്പടെയുള്ളവരിൽ നിന്നും ലക്ഷങ്ങളാണ് ഇത്തരക്കാർ തട്ടിച്ചെടുക്കുന്നത്. ചിലരിൽ നിന്ന് പരോക്ഷ ഭീഷണിയിലൂടെ മാദ്ധ്യമ സ്‌ഥാപനത്തിലേക്കുള്ള നിക്ഷേപമെന്ന പേരിലും ലക്ഷങ്ങൾ തട്ടിയതായും പരാതി ഉയർന്നിട്ടുണ്ട്. വിവിധ രീതിയിൽ നടത്തുന്ന ഈ തട്ടിപ്പുകൾമൂലം കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ സ്‌ഥാപനങ്ങൾക്കും അതിലെ പ്രവർത്തകർക്കും അവമതിപ്പുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നും ഇതിന് തടയിടാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും കോംഇന്ത്യ പ്രമേയം ആവശ്യപ്പെട്ടു.

ഇത്തരക്കാർ ഉന്നതതലത്തിലുള്ള മന്ത്രിമാർ, എംഎൽഎമാർ, വിവിധ രാഷ്‌ട്രീയ നേതാക്കൾ, മറ്റു സെലിബ്രിറ്റികൾ എന്നിവരെ തെറ്റിദ്ധരിപ്പിച്ചും അവരുമായുള്ള വ്യക്‌തിബന്ധങ്ങൾ ദുരുപയോഗം ചെയ്‌തും ഫോട്ടോകളെടുത്ത് സാമൂഹിക ശ്രദ്ധ ആകർഷിക്കുന്നതായും ഇതിലൂടെ തട്ടിപ്പിനുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതായും യോഗം വിലയിരുത്തി. വിഷയത്തിൽ സർക്കാർ തലത്തിലുള്ളവരും അന്വേഷണ ഉദ്യോഗസ്‌ഥരും സൂക്ഷ്‌മത പാലിക്കണമെന്നും അതല്ലാത്തപക്ഷം അത് സർക്കാരിനും ബന്ധപ്പെട്ടവർക്കും പേരുദോഷം ഉണ്ടാക്കുമെന്നും കോംഇന്ത്യ പ്രമേയചർച്ച അഭിപ്രായപ്പെട്ടു.

വ്യാജൻമാരുടെയും തട്ടിക്കൂട്ട് സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്‌തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും കോംഇന്ത്യ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്‌ഥാന പൊലീസ് ചീഫ് എന്നിവർക്ക് കോംഇന്ത്യ പരാതി നൽകും.

മാദ്ധ്യമ ബ്‌ളാക് മെയിലിങ്ങും തട്ടിപ്പുകളും തടയാൻ ഇതുസംബന്ധമായി വിവരം നൽകുന്നതിനായി പൊലീസ് തന്നെ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും വിവരം കൈമാറാൻ പ്രത്യേക നമ്പർ നൽകുകയും വേണമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ ഉൾപ്പടെയുള്ളവയുടെ സ്വകാര്യത 100% ഉറപ്പാക്കണമെന്നും സംഘടന പ്രമേയം ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും സർക്കാരും പോലീസും മുൻകൈ എടുത്താൽ കോംഇന്ത്യയുടെ പൂർണമായ സഹകരണം ഒപ്പമുണ്ടാകുമെന്നും കോംഇന്ത്യ പ്രസിഡണ്ട് വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യം ഓൺലൈൻ കോ ഫൗണ്ടർ & എഡിറ്റർ) പറഞ്ഞു. 17 അംഗങ്ങൾ പങ്കെടുത്ത പ്രമേയ ചർച്ചക്ക് കോംഇന്ത്യ ജനറൽ സെക്രട്ടറി സോയിമോൻ മാത്യു (മലയാളി വാർത്ത) നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ മുട്ടത്ത് (ന്യൂസ്‌ എഡിറ്റർ, കാസർകോട് വാർത്ത) അധ്യക്ഷത വഹിച്ചു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE