ഹനോയ്: വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴ തുടരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 10 പേർ മരണപ്പെട്ടതായി ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെൻട്രൽ സ്‌റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഫു യെൻ പ്രവിശ്യയിൽ ആറ് പേരും ബിൻ ദിൻ പ്രവിശ്യയിൽ നാല് പേരുമാണ് മരിച്ചത്. ബിൻ ദിൻ, ഫു യെൻ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 60,000ത്തോളം വീടുകൾ വെള്ളത്തിനടിയിൽ ആവുകയും 4,700ത്തിൽ അധികം വീടുകൾ ഒറ്റപ്പെടുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം ബന്ധപ്പെട്ട അധികാരികളോട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്‌ടങ്ങൾ കുറക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ ഉത്തരവിട്ടു.
ബിൻ ദിൻ, ഫു യെൻ പ്രവിശ്യകളിൽ നവംബർ 27 മുതൽ 30 വരെ മാത്രം മൊത്തം 800 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ വിയറ്റ്നാമിൽ 119 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ട്. 144 പേർക്ക് പരുക്കേൽക്കുകയും 3,600 ബില്യൺ വിയറ്റ്നാമീസ് ഡോങ്ങിന്റെ (158 ദശലക്ഷം യുഎസ് ഡോളർ) സാമ്പത്തിക നഷ്‌ടം ഉണ്ടാകുകയും ചെയ്‌തതായി കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: സംഘപരിവാർ ഭീഷണി; കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി