ബെംഗളൂരു: സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പരിപാടി റദ്ദാക്കി. സംഘപരിവാർ ഭീഷണിയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ താൻ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടുവെന്ന് കുനാൽ കമ്ര അറിയിച്ചു.
നേരത്തെ സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ ഭീഷണികള്‍ക്ക് പിന്നാലെ മറ്റൊരു സ്‌റ്റാന്‍ഡ് അപ് കൊമേഡിയനായ മുനവ്വര്‍ ഫാറൂഖി തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്രയുടെ പരിപാടിയും റദ്ദാക്കപ്പെട്ടത്.
താൻ പരിപാടി നടത്തിയാൽ അത് നടന്ന സ്‌ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചതായി കമ്ര ട്വീറ്റ് ചെയ്‌തു. കൂടാതെ നിരവധി പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിൽ പോലും ആകെ 45 പേർക്ക് ഇരിക്കാനുള്ള അനുമതി പോലീസ് നിഷേധിച്ചതായും കുനാൽ കമ്ര ട്വീറ്റിൽ വ്യക്‌തമാക്കി.
‘പുതിയ കോവിഡ് പ്രോട്ടോക്കോളും ചട്ടങ്ങളുമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നു. എന്നെക്കണ്ടാൽ ഇപ്പോൾ പുതിയ വൈറസ് വകഭേദം പോലെയുണ്ട് എന്നതുകൊണ്ടാവാം”, കുനാൽ കമ്ര കുറിച്ചു.
നേരത്തെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണികളിൽ മനം മടുത്താണ് സ്‌റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നതായി മുനവ്വര്‍ ഫാറൂഖി പ്രഖ്യാപിച്ചത്. വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്‌തുവെന്നും മുനവര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 12 പരിപാടികളാണ് ഭീഷണി മൂലം മുനവ്വറിന് റദ്ദാക്കേണ്ടി വന്നത്. ഏറ്റവുമൊടുവിൽ ബെംഗളൂരുവില്‍ നടത്തേണ്ടിയിരുന്ന പരിപാടിയും റദ്ദാക്കപ്പെട്ടതോടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
Most Read: ‘തല’ വിളി വേണ്ട; ആരാധകരോടും മാദ്ധ്യമങ്ങളോടും അഭ്യര്‍ഥിച്ച് അജിത്