തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ആറുമണിയോടെ തന്നെ കഡാവർ നായ്‌ക്കളെ എത്തിച്ചു സ്‌ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.
ദുരന്ത സ്‌ഥലത്ത് നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അസ്‌ഥികളും കൈവിരലുകളുമാണ് കണ്ടെടുത്തത്. ഇവ ശാസ്‌ത്രീയ പരിശോധനക്ക് അയക്കും. 13 പേരാണ് ചികിൽസയിൽ കഴിയുന്നത്. പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കുന്നതിനായി വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്‌ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയും കഡാവർ നായകളെ ഉപയോഗിച്ചുള്ള തിരച്ചിലും പുരോഗമിക്കുന്നതായി മന്ത്രി വിഎൻ. വാസവൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും. ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് പ്രത്യേക കാബിനറ്റ് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പൂരം നടത്തിപ്പിൽ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്‌ചാത്തലത്തിൽ വെടിക്കെട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്‌ഥലത്ത് വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണം. മെഡിക്കൽ കോളേജ് കൺട്രോൾ റൂം നമ്പർ: 8075011853.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഉച്ചയ്‌ക്ക് 3.30നാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. പിന്നീട് രണ്ടുമണിക്കൂറോളം തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയുമായിരുന്നു.
Most Read| ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ; കോടികളുടെ നഷ്‌ടം





































