തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ വേദന ഉള്ളിലൊതുക്കിയാണ് ഇത്തവണത്തെ പൂരം. ആഘോഷങ്ങളും ആഡംബരങ്ങളും വെട്ടിക്കുറച്ച് തൃശൂർ ഈ പൂരം ആഘോഷിക്കും. ഇന്നലെ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി തേക്കിൻകാട് ശിവകുമാർ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്ന് അതിന്റെ ഉച്ചസ്‌ഥായിയിലെത്തും.
ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്‌താവ് പുലർച്ചെ വടക്കുംനാഥനെ വണങ്ങാൻ എത്തിയതോടെ പൂരത്തിന്റെ വരവുകൾക്ക് തുടക്കമായി. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്‌തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുംനാഥനെ വിധിപ്രകാരം കാണാനെത്തും.
മേളാരവും ഗജവീരൻമാരും അകമ്പടിയുണ്ടാകും. 11 മണിയോടെയാണ് മഠത്തിൽ വരവ്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. അഞ്ചുമണിക്ക് തെക്കോട്ട് ഇറക്കത്തിന് ശേഷമാണ് കുടമാറ്റം. ഇക്കുറി 15 മിനിറ്റ് നേരം മാത്രമാണ് കുടമാറ്റം നടക്കുക. പൂരത്തിന്റെ വർണാഭമായ വെടിക്കെട്ടും ഇക്കുറിയില്ല.
ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകൽപ്പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.
Most Read| യുഎസുമായി ചർച്ചയില്ല; ഡിമാൻഡ് പട്ടിക പാക്കിസ്‌ഥാന് കൈമാറി ഇറാൻ സംഘം മടങ്ങി








































