ന്യൂഡെൽഹി: ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. മാർച്ചിനെത്തിയ നൂറുകണക്കിന് ആളുകളെ പോലീസ് അടിച്ചോടിച്ചു. പോലീസിന് നേരെ കല്ലേറും ഉണ്ടായി.
എന്നാൽ, പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. അതേസമയം, പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഏകദേശം എണ്ണായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കാനായി എത്തിയെന്നാണ് ആർപിഎഫ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരവ്യാപകമായി ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു.
ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പോലീസ് പൂർണമായി അടച്ചുപൂട്ടിയിരുന്നു. കണ്ണീർവാതകം പ്രയോഗിക്കാനുള്ള വാഹനങ്ങളും സജ്ജമാക്കിയിരുന്നു. മെട്രോ സ്റ്റേഷൻ അടക്കം അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ, അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ട് നിരീക്ഷിക്കുകയാണ്.
നടൻ പ്രകാശ് രാജ് ഉൾപ്പടെയുള്ളവർ സമര സ്ഥലത്ത് തുടരുന്നുണ്ട്. പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിന് യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങിയിട്ടില്ലെന്ന് ന്യൂഡെൽഹി ഡിസിപി സച്ചിൻ ശർമ പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഡെൽഹിയിൽ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ മാർച്ച്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































