തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. കേരളത്തിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്. 2016ൽ ഇതേ പോലൊരു ഏപ്രിൽ മാസമാണ് കൊല്ലം പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും ആരവവും കണ്ണീരും നിലവിളിയുമായി കലാശിച്ചത്.
110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഏപ്രിൽ പത്തിന് പത്തുവർഷം പൂർത്തിയാകുമ്പോഴാണ് കേരളത്തെ ഞെട്ടിച്ച് മറ്റൊരു ദുരന്തവും ഉണ്ടായിരിക്കുന്നത്. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. നിരവധിപ്പേർ ഗുരുതരാവസ്‌ഥയിൽ ആശുപത്രികളിൽ ചികിൽസയിലാണ്.
എന്തിനാണ് തീകൊണ്ടുള്ള കളി? ആഘോഷങ്ങൾ?. ഇത്തരം പൂരങ്ങൾ നമുക്ക് വേണോയെന്ന് പുനർചിന്തനം നടത്തണമെന്ന ബിജെപി നേതാവ് ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ ചർച്ചകളിൽ ഇടം പിടിക്കുന്നത്.
എന്തിനാണ് നമുക്ക് തീകൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് ശ്രീലേഖ ചോദിക്കുന്നു. മനുഷ്യജീവനുകൾ പണം വയ്‌ക്കുന്ന ഉൽസവങ്ങളും കാടുകളിൽ ജീവിക്കേണ്ട ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്‌ചകളും വേണോ എന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചോദിക്കുന്നു. ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ചടങ്ങുകളും ഒക്കെയല്ലേ വേണ്ടത്? മനുഷ്യന് ദോഷം വരുത്തുന്ന വെടിക്കെട്ടുകളും മറ്റും വേണ്ട എന്ന് വച്ചൂടെയെന്നും ശ്രീലേഖ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്‌ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ!
പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.
പോലീസും ഫയർ & റെസ്‌ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്‌തിരുന്നോ?
ഇനിയും ഇതുപോലെ എത്ര പടക്ക നിർമാണ ശാലകൾ തൃശൂരിൽ ഉണ്ട് എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?
ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്‌ഥരും ഇപ്പോൾ രാഷ്‌ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്‌താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?
എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉൽസവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്‌ചകൾ?
ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്‌തദർശനവും കാഴ്‌ചയും ഒക്കെയല്ലേ പ്രധാനം? ഉൽസവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?
തൃശൂരിലെ വെടിക്കെട്ട് അപകടങ്ങൾ
1957 മേയ് 05– തൃശൂർ വെള്ളാങ്ങല്ലൂർ വെടിമരുന്ന് ശാലയ്‌ക്ക് തീപിടിച്ച് നാലുമരണം
1957 മേയ് 12– തൃശൂർ ഒളരിക്കര വെടിമരുന്ന് ശാലയിൽ സ്‌ഫോടനത്തിൽ മൂന്നുമരണം
1967 മേയ് 17- തൃശൂർ നടത്തറ വെടിമരുന്ന് ശാലയ്‌ക്ക് തീപിടിച്ച് ആറുമരണം
1968 ഏപ്രിൽ 09– തൃശൂർ കോടന്നൂർ പള്ളിപ്പുറം വെടിമരുന്ന് ശാലയ്‌ക്ക് തീപിടിച്ച് അഞ്ചുമരണം
1976 ഏപ്രിൽ 20- തൃശൂർ കാണിപ്പയ്യൂർ വെടിമരുന്ന് നിർമാണശാലയ്‌ക്ക് തീപിടിച്ച് നാലുമരണം
1978 ഏപ്രിൽ 20- തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് അപകടത്തിൽ അഞ്ചുമരണം
1984 ജനുവരി 06- തൃശൂർ കണ്ടശാംകടവ് വെടിക്കോപ്പുകൾക്ക് തീപിടിച്ച് 15 മരണം
2011 ഡിസംബർ 28- തൃശൂർ അത്താണി പടക്കനിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ആറുമരണം

തൃശൂർ പൂരം നടത്തിപ്പ് തീരുമാനം നാളെ
അപകടത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ. 26നാണ് തൃശൂർ പൂരം. നാളെ രാവിലെ കലക്‌ട്രേറ്റിൽ ചേരുന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും.
അതേസമയം, തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ വ്യക്‌തമാക്കി. സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ്. ആഘോഷവും ആഡംബരവും ഉണ്ടാകില്ല. ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകും. നിരോധിതമായി ഒരു വസ്‌തുവും വെടിക്കെട്ട് നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വത്തിലെ ചിലരും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പിൽ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും പ്രതികരിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്‌ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങൾ തുടർക്കഥയാകുന്ന പശ്‌ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ വെടിക്കെട്ടിന് അനുമതി നൽകണമോയെന്നത് ആധികാരികൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മനുഷ്യജീവനുകൾ പണയംപ്പെടുത്തി, സുരക്ഷിതമല്ലാത്ത ഇത്തരം പ്രവർത്തികൾക്ക് കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. കോരിച്ചൊരിയുന്ന തീഗോളങ്ങൾക്ക് പകരം ക്ഷേത്ര ആചാരങ്ങൾക്കും ചടങ്ങുകൾക്കും പ്രാധാന്യം നൽകി ആഘോഷങ്ങൾ നടത്തുകയാണ് ചെയ്യേണ്ടത്.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’





































