തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ധനസഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച് സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തുലക്ഷവും ഉൾപ്പടെ 14 ലക്ഷം രൂപ വീതം നൽകും.
പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതവും അടിയന്തര ധനസഹായമായി അനുവദിക്കും. ഇവർക്ക് ആറുമാസത്തെ സൗജന്യ ചികിൽസ നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ജസ്‌റ്റിസ് സിഎൻ. രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല. കൂടാതെ, സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി.
തിരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിന് വേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്‌തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയ്‌തിട്ടുണ്ട്. അവ പൂർവസ്‌ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന തുക ജില്ലാ കലക്‌ടറുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കും.
അതേസമയം, മൂന്ന് കെഡാവർ നായകളെ ഉൾപ്പെടുത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. മരണപ്പെട്ടവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. അപകടത്തിൽ ഇതുവരെ 13 മരണമാണ് സ്‌ഥിരീകരിച്ചത്. ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. അപകട സ്‌ഥലത്ത് 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.
സംഭവസ്‌ഥലത്ത് വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്ന് മന്ത്രി വിഎൻ. വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജ് കൺട്രോൾ റൂം നമ്പർ: 8075011853, മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂർ താലൂക്ക് ഓഫീസ്: 0488423226, തൃശൂർ കലക്‌ട്രേറ്റ് കൺട്രോൾ റൂം: 9447074424.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































