124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

പെറു ഭരണകൂടം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് മാർസലീനോ അബാദ് എന്ന മുത്തച്ഛന് 124 വയസാണ്. ഗിന്നസ് ലോക റെക്കോർഡ് നിർണയിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രായം കൂടിയ വ്യക്‌തിയുടെ വയസ് 122 ആയിരുന്നു. മാർസലീനോ ഇത് മറികടന്ന് പുതിയ റെക്കോർഡ് സൃഷ്‌ടിക്കും.

By Trainee Reporter, Malabar News
Marcelino Abad
മാർസലീനോ അബാദ് (PIC: BreezyScroll)
Ajwa Travels

പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പെറുവിലെ ഹുവാനുക്കോ മേഖലയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. അത്യപൂർവമെന്നോ അൽഭുതമെന്നോ പറയാം, 124 വയസാണ് ഈ മുത്തച്ഛന്റെ പ്രായം. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായി മാറിയിരിക്കുകയാണ് മാർസലീനോ അബാദ് എന്ന മുത്തച്ഛൻ. പെറു ഭരണകൂടം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ചാണ് ഈ മുത്തച്ഛന്റെ പ്രായം അനുമാനിച്ചത്.

1900ലാണ് മാർസലീനോ ജനിച്ചത്. നിലവിൽ വൃദ്ധസദനത്തിലാണ് താമസം. ഏപ്രിൽ അഞ്ചാം തീയതിയാണ് മാർസലീനോ തന്റെ 124ആം ജൻമദിനം ആഘോഷിച്ചത്. മാർസലീനോയുടെ രൂപം അതേപോലെ ഉൾപ്പെടുത്തിയ ഒരു കേക്ക് മുറിച്ചാണ് അദ്ദേഹം ജൻമദിനം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രദേശവാസികൾ അദ്ദേഹത്തെ സ്‌നേഹത്തോടെ മഷികോ എന്നാണ് വിളിക്കുന്നത്. ഗിന്നസ് ലോക റെക്കോർഡ് നിർണയിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രായം കൂടിയ വ്യക്‌തിയുടെ വയസ് 122 ആയിരുന്നു. മാർസലീനോ ഇത് മറികടന്ന് പുതിയ റെക്കോർഡ് സൃഷ്‌ടിക്കും.

2019 വരെ മാർസലീനോയുടെ പ്രായം സംബന്ധിച്ച വിവരങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ, കൃത്യമായ പ്രായം കണക്കാക്കാൻ സാധിച്ചതിന് ശേഷം അദ്ദേഹത്തിന് സർക്കാർ ഐഡന്റിറ്റി കാർഡും പെൻഷനുമടക്കം മറ്റു ആനുകൂല്യങ്ങളും നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

പ്രായം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതോടെ ഗിന്നസ് ലോക റെക്കോർഡിന് അപേക്ഷ നൽകാനായി മാർസലീനോക്ക് വേണ്ട സഹായങ്ങൾ ഭരണകൂടം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. എന്നാൽ, ഇത് കൃത്യമാണെന്ന് കണ്ടെത്താൻ ഔദ്യോഗിക രേഖകളും മറ്റ് തെളിവുകളും ഗിന്നസ് ലോക റെക്കോർഡിന്റെ വിദഗ്‌ധ സമിതി ശേഖരിക്കും.

നിലവിൽ ബ്രിട്ടൻ സ്വദേശിയായ ഒരു 111-കാരനാണ് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം ചെന്ന പുരുഷനെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 114 വയസുവരെ ജീവിച്ച വെനസ്വേല സ്വദേശിയായ ഒരു വ്യക്‌തിയായിരുന്നു ഇതിന് മുൻപ് റെക്കോർഡ് ബുക്കിൽ ഉണ്ടായിരുന്നത്.

അതേസമയം, 12 പതിറ്റാണ്ടുകൾ പിന്നിട്ട തന്റെ ജീവിതത്തിന്റെ ആരോഗ്യരഹസ്യവും ജൻമദിനത്തിൽ മാർസലീനോ പങ്കുവെച്ചിട്ടുണ്ട്. കൃത്യമാർന്ന ജീവിതശൈലി പിന്തുടർന്നതാണ് ഇത്രയും കാലം ആയുസോടെയിരിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. പഴങ്ങളും ആട്ടിറച്ചിയുമാണ് മാർസലീനോ പ്രധാനമായും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്. ഇതിനുപുറമെ, കൊക്കോ ഇലകൾ ചവയ്‌ക്കുന്നതിനും ശീലത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത് തന്റെ മാത്രം ശീലമല്ലെന്നും പ്രദേശവാസികൾക്ക് ഇടയിൽ പരമ്പരാഗതമായി കൊക്കോ ഇലകൾ ചവയ്‌ക്കുന്ന ശീലമുണ്ടെന്നും മാർസലീനോ പറയുന്നു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE