തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് സ്‌ഥാപിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമാണെന്നും ചിപ്പ് സ്വീകരിച്ചയാൾ സുഖം പ്രാപിച്ചു വരുന്നതായും മസ്‌ക് അറിയിച്ചു.

By Trainee Reporter, Malabar News
Elon Musks brain chip implants
ഇലോൺ മസ്‌ക്
Ajwa Travels

ന്യൂയോർക്ക്: മനുഷ്യയുഗത്തിന്റെ ഭാവി നിർണയിക്കുന്ന, ലോകം മുഴുവൻ കാത്തിരുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടം ഒടുവിലിതാ വിജയകരമായി പൂർത്തിയാക്കി. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് സ്‌ഥാപിച്ചു.

പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമാണെന്നും ചിപ്പ് സ്വീകരിച്ചയാൾ സുഖം പ്രാപിച്ചു വരുന്നതായും മസ്‌ക് അറിയിച്ചു. പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഇലോൺ മസ്‌ക് പറഞ്ഞു.

പ്രവർത്തനം/ ലക്ഷ്യം

റോബോട്ടിക് സർജറിയിലൂടെ മനുഷ്യ തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്‌ത്‌ അതിലൂടെ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഈ സംവിധാനത്തിന് ഭാവിയിൽ പല ഉദ്ദേശ്യങ്ങളും ഉണ്ടെങ്കിലും, ന്യൂറലിങ്കിന്റെ തുടക്കഘട്ടം ശരീരം തളർന്നു പോയവർക്കും, കാഴ്‌ചശക്‌തി ഇല്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്.

മനുഷ്യന്റെ തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ചു രോഗാവസ്‌ഥകളെ മറികടക്കാൻ സഹായിക്കുമോ എന്നറിയാനാണ് ശ്രമം. ഒരാളുടെ തലച്ചോറിൽ സൃഷ്‌ടിക്കപ്പെടുന്ന സിഗ്‌നലുകൾ ന്യൂറോലിങ്ക് വഴി വ്യാഖ്യാനിച്ചു ആ വിവരം തലച്ചോറിന് വെളിയിലുള്ള ഉപകരണങ്ങളിലേക്ക് (കമ്പ്യൂട്ടർ, മൊബൈൽ) ബ്ളൂടൂത്ത് വഴി കണക്‌ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.

അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ കേഴ്‌സർ അല്ലെങ്കിൽ കീബോർഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കുന്നുണ്ട്. ‘ടെലിപ്പതി’യെന്നാണ് ഈ സാങ്കേതികവിദ്യക്ക് ഇലോൺ മസ്‌ക് പേരിട്ടിരിക്കുന്നത്.

തുടക്കം

ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്‌റ്റർ ചെയ്‌തതാണ്‌ ന്യൂറലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റേതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ്‌ (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യമാണ് ഉണ്ടായിരുന്നത്. ചിന്തകളെ പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജിച്ചെടുക്കുമെന്ന് കരുതുന്ന ന്യൂറൽ ലെയ്‌സ് ടെക്‌നോളജി അടക്കമാണ് പുതിയ ബ്രയിൻ-കമ്പ്യൂട്ടർ ഇന്റർഫേയ്‌സിന്റെ സാധ്യതയായി കാണുന്നത്.

മനുഷ്യ ചരിത്രത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്ന് ഒരുവിഭാഗം ആശങ്കയുയർത്തുന്നുണ്ട്. പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്‌റ്റ് നടത്തിയത്. മൃഗങ്ങളിലെ പരീക്ഷണത്തിന് ശേഷം കഴിഞ്ഞ വർഷം മേയിലാണ് മനുഷ്യരിൽ ചിപ്പ് പരീക്ഷിക്കാൻ ന്യൂറ ലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയത്.

ഇനി?

ചലനശേഷി പൂർണമായി നഷ്‌ടപ്പെട്ടവർക്ക് ക്ളിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ ന്യൂറ ലിങ്ക് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ആറ് വർഷം നീളുന്ന പഠനമാണിത്. നിരന്തരമായ ചെക്കപ്പുകൾ ഉണ്ടാകും.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE