ന്യൂഡെൽഹി: നാളെ കേരളത്തിലെ വിവിധയിടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്‌ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്‌കാസ്‌റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ നാളെ ടെസ്‌റ്റ് അലർട്ടുകൾ ലഭിച്ചേക്കാമെന്നാണ് കേന്ദ്ര ടെലികോം വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
ഇത്തരത്തിൽ സന്ദേശം ലഭിക്കുന്നവർ പരിഭ്രാന്തരാവേണ്ടതില്ലെന്നും, ഇതൊരു അടിയന്തിരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും ടെലികോം വകുപ്പ് അറിയിച്ചു. ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. നാളെ രാവിലെ 11 മണിമുതൽ വൈകിട്ട് നാലുമണിവരെയാണ് ഇത്തരത്തിൽ അലർട്ടുകൾ ലഭിക്കുക. അലാറം പോലുള്ള ശബ്‌ദമാകും ഫോണിൽ നിന്ന് വരിക.
പ്രകൃതി ദുരന്തങ്ങൾ അടിയന്തിരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സെൽ ബ്രോഡ്‌കാസ്‌റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ്, സംസ്‌ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ എന്നിവ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തമുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ലക്ഷ്യം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്‌താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്‌ദിച്ചിരുന്നു. അലാറം പോലെയുള്ള ഉച്ചത്തിലുള്ള ബീപ് അലർട്ടും അടിയന്തിര മുന്നറിയിപ്പെന്ന ഫ്‌ളാഷ് സന്ദേശവുമാണ് വന്നത്. ഇത്തരത്തിൽ കൂട്ടത്തോടെ നിരവധി ഫോണുകൾ ശബ്‌ദിക്കുമ്പോൾ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. ഉപയോക്‌താക്കൾ ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും അടിയന്തിര ഘട്ടങ്ങളിൽ സമയബന്ധിതമായ അലർട്ടുകൾ നൽകുകയുമാണ് സെൽ ബ്രോഡ്‌കാസ്‌റ്റിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൊബൈൽ നെറ്റ്‌വർക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങൾ അയക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈൽ ഓപ്പറേറ്റർമാർക്ക് സാധിക്കും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കുകയാണ് ടെസ്‌റ്റ് അലർട്ടിലൂടെ ലക്ഷ്യമിടുന്നത്.
‘ടെലികോം വകുപ്പ്, ഇന്ത്യാ ഗവൺമെന്റ് എൻഡിഎംഎയുമായി സെൽ ബ്രോഡ്‌കാസ്‌റ്റിങ് ടെസ്‌റ്റിങ് 2023 ഒക്‌ടോബർ 31ന് കേരളത്തിൽ നടത്തും. വൈബ്രേഷൻ എന്നിവ ഉപയോഗിച്ച് മൊബൈലിൽ ടെസ്‌റ്റ് അലർട്ടുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഈ അലർട്ടുകൾ ടെസ്‌റ്റിങ് പ്രക്രിയയുടെ ഭാഗമാണ്. യഥാർഥ അടിയന്തിരാവസ്‌ഥയെ സൂചിപ്പിക്കുന്നില്ല. നിങ്ങളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ആവശ്യമില്ല. ഇത്തരം സന്ദേശങ്ങളും ഉപയോക്‌താക്കൾക്ക് ലഭിച്ചേക്കും’- ടെലികോം വകുപ്പ് അറിയിച്ചു.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം