കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

ഹിജാബിന് കർണാടക അഡ്‌മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്ക് ഉണ്ടാകില്ലെന്നാണ് ഉത്തരവ്.

By Trainee Reporter, Malabar News
Karnataka Due To Hijab Controversy
Rep. Image
Ajwa Travels

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഹിജാബിന് കർണാടക അഡ്‌മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്ക് ഉണ്ടാകില്ലെന്നാണ് ഉത്തരവ്.

ഹിജാബ് വിലക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എംസി സുധാകർ ചൂണ്ടിക്കാട്ടി. വ്യക്‌തമാക്കി മറ്റു പരീക്ഷകളിൽ നിന്നും ഘട്ടംഘട്ടമായി നീക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മുൻ സർക്കാർ നിയമനിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്നും മന്ത്രി വ്യക്‌തമാക്കി.

കർണാടകയിൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ബിജെപി സർക്കാർ ഹിജാബ് നിരോധനത്തിൽ നിയമനിർമാണം നടത്തിയതിനാൽ ഒറ്റയടിക്ക് ഹിജാബ് നിരോധനം നീക്കാനാവില്ല. എല്ലാ പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കാൻ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കും.

പരീക്ഷകൾക്ക് മുമ്പ് കൃത്യവും കർശനവുമായ പരിശോധനകൾ ഉണ്ടാകും. അതിനായി മൽസരാർഥികൾ അര മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്നും മന്ത്രി അറിയിച്ചു. പുതിയ ഉത്തരവോടെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന അഞ്ചു കോർപ്പറേഷനുകളിലേക്കും രണ്ടു ബോർഡുകളിലേക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് മൽസരാർഥികൾക്ക് ഹിജാബ് ധരിച്ചു പങ്കെടുക്കാം. ഈ മാസം 28,29 തീയതികളിലാണ് സർക്കാർ സർവീസിലേക്കുള്ള പരീക്ഷകൾ നടക്കുന്നത്.

ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2022 ഫെബ്രുവരി അഞ്ചിനാണ് കർണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്‌നങ്ങളും ധരിച്ചു ക്‌ളാസിൽ കയറുന്നത് വിലക്കിക്കൊണ്ട് ബിജെപി സർക്കാർ ഉത്തരവിറക്കിയത്.

തുടർന്ന് മാർച്ച് 15ന് ഈ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിശാലബെഞ്ച്‌, യൂണിഫോം സംബന്ധിച്ച് കൃത്യമായ നിർവചനമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കരുതെന്നും വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത്‌ ഉഡുപ്പി ഗവ.വനിതാ കോളേജിലെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും  കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഹരജികളിൽ വിശദമായ വാജം കേട്ട രണ്ടംഗ ബെഞ്ചിലെ ജസ്‌റ്റിസ്‌ ഹേമന്ത് ഗുപ്‌ത ഹിജാബ് നിരോധനം ശരിയാണെന്ന് വിധിച്ചു. എന്നാൽ, ഹിജാബ് വിലക്ക് മൗലികാവകാശ ലംഘനമാണെന്ന് വിലയിരുത്തി ജസ്‌റ്റിസ്‌ സുധാംശു ധൂളിയ ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവും റദ്ദാക്കി.

ഇതേത്തുടർന്ന്, കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹരജികളിൽ തീർപ്പുണ്ടാക്കാൻ മൂന്നംഗ ബെഞ്ച് ഉടൻ രൂപീകരിക്കുമെന്ന് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിയാണ് പ്രാബല്യത്തിൽ ഉണ്ടാവുകയെന്നും വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ് സിദ്ധരാമയ്യ സർക്കാർ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.

Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE